പൂരം ആവേശത്തിന് തുടക്കം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്
തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന് എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും. തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധനാഴ്ച 11 മുതൽ 11.30 വരെയും പാറമേക്കാവ് ക്ഷേത്രത്തില്‍ 12.30ന് കൊടിയേറ്റം നടക്കും. തിരുവമ്പാടിയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിയാണ് മുഖ്യ കാര്മ്മികന്. താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പകല്‍ 3ന് തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പ് കെട്ടി പൂരപ്പുറപ്പാട് നടത്തും. 3.30ന് നായ്ക്കനാലി, നടുവിലാലി എന്നിവിടങ്ങളില്‍ പൂരപ്പതാകകള്‍ ഉയര്‍ന്നതോടെ ആഘോഷം ഉജ്ജ്വലമാകും. പാറമേക്കാവില്‍ വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ്. തുടര്‍ന്ന് ദേശക്കാര്‍ കൊടി ഉയര്‍ത്തും. പരമ്പരാഗത അവകാശി ചെമ്പില്‍ കുട്ടനാശാരിയാണ് കൊടിമരമൊരുക്കുക. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും പൂരക്കൊടി ഉയര്‍ത്തും. അഞ്ച് ആനകളും മേളവുമായി പുറത്തേക്ക് എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന് തിടമ്പേറ്റും. കിഴക്കൂട്ട് അനിയന് മാരാര്‍ പ്രാമാണികനായുള്ള മേളം അകമ്പടിയാവും. വെടിക്കെട്ടും നടക്കും. കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലെയും കൊടിയേറ്റം ബുധനാഴ്ച തന്നെ നടക്കും.